8.:അച്ഛന്റെ ചില ദൌര്ബല്യങ്ങള്‍

മുമ്പൊരു ലക്കത്തില്‍ ഞങ്ങളുടെ അച്ഛന്റെ മുന്കോപത്തെക്കുറിച്ചും ശിക്ഷാ രീതികളെെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. രണ്ടും ഞങ്ങള്‍ മക്കള്ക്ക് ഭയം ആയിരുന്നു. എന്നാല്‍ അച്ഛന്റെ മറ്റു ചില ശീലങ്ങളില്‍ നിന്ന് ഞങ്ങള്ക്ക് പലതും പഠിക്കാനും ഉണ്ടായിരുന്നു.
1. അച്ഛനും മദ്യവും 
അന്ന് ഞങ്ങളുടെ നാട്ടില്‍ തെങ്ങ് ചെത്തി കള്ള് എടുക്കുക സാധാരണമായിരുന്നു, ഞങ്ങളുടെ വീട്ടില്‍ തന്നെ മൂന്നോ നാലോ ചെറിയ തെങ്ങ് ചെത്താന്‍ കൊടുക്കുന്നുണ്ടായിരുന്നു. കാരണം മാസാമാസം കിട്ടുന്ന പണം തന്നെ. പൊതുവേ ദേഹണ്ഡം ഇല്ലാത്ത പറമ്പില്‍ നിന്ന് കിട്ടുന്ന തേങ്ങ വളരെ കുറവ്, തേങ്ങ ഇടാന്‍ തന്നെ രണ്ടു മാസം കാത്തിരിക്കണം, എന്നാല്‍ ഒരു തെങ്ങ് ചെത്താന്‍ കൊടുത്താല്‍ പ്രതിമാസം മോശമല്ലാത്ത ഒരു തുക കിട്ടും, ചിലപ്പോള്‍ ചെത്തുകാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തെങ്ങ് നശിച്ചു പോകും എന്ന കുഴപ്പമേ ഉള്ളൂ. രാവിലെ ചെത്തി എടുക്കുന്ന കള്ളിനു ലഹരി കുറവായിരിക്കും, മധുരക്കള്ള് എന്നാണു അതിനു പറയുക. തെങ്ങിന്റെ ചൊട്ട (പൂക്കുല തുറക്കുന്നതിനു മുമ്പ്) ചെത്തി മിഴാവ് എന്ന മൃഗത്തിന്റെ കൊമ്പുകൊണ്ടു കൊട്ടിപ്പാടി മങ്കുടത്തിലേക്ക് മദ്യം ഊറ്റുന്ന പരിപാടി അന്നും ഇന്നും അത്ഭുതത്തോടെ മാത്രമേ നോക്കി നിന്നിട്ടുള്ളൂ. വൈകുന്നേരത്തെ കള്ളിനാണ് ലഹരി കൂടുതല്‍. വീട്ടില്‍ വല്ലപ്പോഴും കുറച്ചു കള്ള് വാങ്ങി അപ്പം ഉണ്ടാക്കുമായിരുന്നു. ഇന്നത്തെപ്പോലെ പാക്കറ്റില്‍ വെള്ളേപ്പം മിക്സ് കിട്ടുമായിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ ഈ അപ്പം കഴിക്കാത്ത ഒരാള്‍ ഉണ്ടായിരുന്നു, ഞങ്ങളുടെ അച്ഛന്‍. മദ്യം ചേര്ത്ത പലഹാരം പോലും കഴിക്കുകയില്ലായിരുന്നു അച്ഛന്‍ , അത്ര മാത്രം മദ്യവിരോധി ആയിരുന്ന അച്ഛന്റെ അടുത്ത ഒരു ബന്ധു എന്നാല്‍ മദ്യത്തിനു പൂര്ണ അടിമയായി തീര്ന്നു ജീവിതം തന്നെ തുലച്ചതെങ്ങനെ എന്ന് ഞങ്ങള്ക്ക് ഇന്നും അത്ഭുതം ആയി തുടരുന്നു. 
2. നായക്കുട്ടികളോടുള്ള സ്നേഹം.
അച്ഛന് പട്ടിക്കുട്ടികളെ വലിയ ഇഷ്ടമായിരുന്നു, ബോട്ടില്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ നല്ല ഇനം പട്ടിക്കുഞ്ഞുങ്ങളെ വീട്ടില്‍ കൊണ്ടു വരുമായിരുന്നു. അല്സേഷനും മറ്റും കൂടിയ ഇനം അല്ലെങ്കിലും സങ്കരജാതിയില്‍ പെട്ട കുഞ്ഞുങ്ങള്‍. വീട്ടില്‍ അങ്ങനെ എല്ലാവര്ക്കും ഓമനയായി ഈ പട്ടിക്കുഞ്ഞു വളരും, ഒരൊറ്റ കുര കൊണ്ടു തന്നെ അപരിചിതരെ വീട്ടില്‍ കയറ്റാതിരിക്കാന്‍ ഇവയ്ക്കു കഴിഞ്ഞിരുന്നു. അപൂര്വ്മായേ ഇവയെ ചങ്ങലയ്ക്കി ടുമായിരുന്നുള്ളൂ. ഇടത്തരം വലിപ്പമായാല്‍, ടൈഗര്‍ , ചാര്ളി് , മുതലായ ഓമനപ്പേര് വിളിക്കുന്ന ഇവ ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ ഞങ്ങളുടെ ബോഡി ഗാര്ഡായി തെക്കെക്കര കടത്ത് കടവ് വരെ അനുഗമിക്കും. ഞങ്ങള്‍ വള്ളത്തില്‍ കയറിയാല്‍ മര്യാദക്കാരനായി തിരിച്ചു വീട്ടില്‍ എത്തി വീട് കാവല്‍ ആയി നില്ക്കും . ഞങ്ങളുടെ എല്ലാം വിശ്വസ്തനായ കൂട്ടുകാരനായി മൂന്നു നാല് വര്ഷം വരെ നിന്ന പട്ടികള്‍ ഉണ്ട്. പക്ഷെ ചില പട്ടികള്‍ വലുതാവുമ്പോള്‍ പോകുന്ന വഴിയില്‍ ചില വീടുകളില്‍ വളര്ത്തു ന്ന കോഴി, താറാവ് ഇവയെ ആക്രമിക്കാന്‍ ശ്രമിക്കും, എന്നാലും മനുഷ്യരെ കടിച്ച അവസരം തീരെ ഉണ്ടായിട്ടില്ല മറ്റുള്ളവരുടെ പരാതി കേട്ടു പല പ്രാവശ്യവും പട്ടിയെ ഞങ്ങള്‍ വള്ളത്തില്‍ കയറ്റി നാലഞ്ചു കിലോമീറ്റര്‍ ദൂരെ ചമ്പക്കുളത്തും മറ്റും കൊണ്ടു വിട്ടിട്ടു വരും , പക്ഷെ മിക്കപ്പോഴും ഞങ്ങള്‍ എത്തി ഏതാനും മണിക്കൂര്‍ കഴിയുമ്പോള്‍ അവന്‍ അങ്ങനെയോ നീന്തി വീട്ടില്‍ എത്തും. ഇത് പല പ്രാവശ്യം ആവര്ത്തിച്ചിട്ടുണ്ട്. അതുകൊണ്ടു വാര്ധ്ക്യ കാല അസുഖം വന്നു ചാകുന്നത് വരെ അവയെ വളര്ത്തും . ഒരു പ്രാവശ്യം അങ്ങനെ കുഴിച്ചിട്ട നായ യുടെ തലയോട്ടി കുറെനാള്‍ കഴിഞ്ഞു കുഴിച്ചെടുത്ത് ജ്യേഷ്ടനും ഞാനും കൂടി കഴുകി വൃത്തി യാക്കി സ്കൂളിലെ ജന്തുശാസ്ത്ര ലാബില്‍ കൊണ്ടുപോയി കൊടുത്തത് ഓര്മ്മെയുണ്ട്.

3.
പഴയ വാച്ചും പേനയും 
അച്ഛന്റെ മറ്റൊരു ദൌര്ബല്യം പഴയ വാച്ചും പേനയും ആയിരുന്നു. അച്ഛന്‍ എഴുതുന്ന ഒരു ബ്ലാക്ക് ബേര്ഡ് പേനയുണ്ട്, അതില്‍ ആരും തൊടാന്‍ അനുവദിക്കുകയില്ല. അറിയാതെ എടുത്തെഴുതിയാല്‍ അച്ഛന്‍ അറിയും, തല്ലു കിട്ടുകയും ചെയ്യും. എന്നാല്‍ ബോട്ടില്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ പഴയ പേന നിസ്സാരമായ വിലയ്ക്ക് വാങ്ങി കൊണ്ടു വന്നാല്‍ ഞങ്ങളില്‍ സീനിയര്‍ ആയവര്ക്ക് എഴുതാന്‍ കിട്ടും. മഷി നിറച്ചെഴുതുന്ന പേന കൊണ്ടു എഴുതാന്‍ അന്ന് കൊതിയായിരുന്നു, പരീക്ഷയ്ക്ക് മഷിക്കുപ്പിയും മുക്കിയെഴുതുന്ന സ്റ്റീല്‍ (ക്വില്‍) പേനയുമായാണു പോകുക. മഷിക്കട്ട വാങ്ങി വെള്ളത്തില്‍ കുതിര്ത്തുവ മഷിയുണ്ടാക്കും. ബോള്‍പോയിന് പേന അന്ന് കാണാന്‍പോലുംകിട്ടുമായിരുന്നില്ല.

കുറച്ചു കൂടി വില കൂടിയതായിരിക്കും പഴയ വാച്ച്. കോളേജില്‍ പോകുമ്പോഴേ വാച്ചു കിട്ടുകയുള്ളൂ. ആദ്യം ചേട്ടന് ആലപ്പുഴയില്‍ പഠിക്കാന്‍ പോയപ്പോള്‍ ഒരെണ്ണം കിട്ടി. എനിക്കും കൊല്ലത്ത് പഠിക്കാന്‍ പോയപ്പോള്‍ ഇത്തരം ചെറിയ വട്ടത്തില്‍ ഉള്ള ഡയലോടു കൂടിയ ഒരു വാച്ച് കിട്ടി. പെണ്ണുങ്ങളുടെ വാച്ചാണെന്ന് തോന്നും ഒറ്റ നോട്ടത്തില്‍. അത്തരം ഒരു വാച്ച് ഒരു ദിവസം രാത്രിയില്‍ പഠിച്ചു ക്ഷീണിച്ചു ജനാലയ്ക്കടുത്ത് വച്ചിട്ട് ഉറങ്ങിപ്പോയി. പിറ്റേ ദിവസം രാവിലെ വാച്ച് കാണുന്നില്ല. ജനാലയ്ക്ക് താഴെ മഴ പെയ്ത മണ്ണില്‍ കാല്പ്പാടുകള്‍ കണ്ടു പേന മോഷണം പോയി എന്നുറപ്പായി. അതിനെപ്പറ്റി പൂര്‍ണമായി മറന്നിരി ക്കുമ്പോള്‍ വര്‍ഷാവസാന പരീക്ഷാ ദിവസം തിരുവ നന്തപുരം സിറ്റി പോലീസ് ഞങ്ങള്‍ താമസിച്ചി രുന്ന ലോഡ്ജില്‍ എത്തിയത്, അവര്‍ തിരുവനന്തപുരത്ത് വച്ച് കടയ്ക്കാവൂര്‍കാരനായ ഒരു കള്ളനെ പിടി കൂടി. ഇടി കൊണ്ടപ്പോള്‍ അവന്‍ മോഷ്ടിച്ച സ്ഥലം എല്ലാം പറഞ്ഞു. കൊല്ലത്ത് എസ എന്‍ കോളേജിലെയും ഫാത്തിമാ കോളേജിലെയും വനിതാ ഹോസ്റ്റലില്‍ നിന്നും ചിലതൊക്കെ, പിന്നീട് കരിക്കോട്ടു വന്നു ഞങ്ങളുടെ ലോഡ്ജില്‍ നിന്നു എന്റെ വാച്ച്. വേറെ വിലപ്പെട്ടതെന്തെങ്കിലും നഷ്ടപ്പെട്ടോ എന്ന് പോലീസു കാര്‍ ചോദിച്ചു. ഈ മുക്കാല്‍ ചക്രത്തിന്റെ വാച്ചിന് ഇവിടം വരെ വന്നതിന്റെ പുച്ഛം പോലീസുകാരുടെ മുഖത്ത് കാണാമായിരുന്നു. ഏതായാലും വാച്ച് ഞാന്‍ നേരില്‍ കണ്ടു ഉടമസ്ഥത സാക്ഷ്യപ്പെടുത്താനാണ് പോലീസ് വന്നത്. സ്ഥിരം കള്ളനായത് കൊണ്ടു ഒരു ദിവസം കോടതിയില്‍ വരേണ്ടി വരും അയാള്‍ വാദിച്ചാല്‍ സമയം എടുക്കും, വാദിച്ചില്ലെങ്കില്‍ കള്ളന്‍ ജയിലില്‍ പോകും എന്റെ വാച്ച് പോലീസ് സ്റ്റേഷനില്‍ വന്നു വാങ്ങാന്‍ കഴിയും എന്ന് പറഞ്ഞു അവര്‍ പോയി. കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം കോടതിയില്‍ പോയി മജിസ്ട്രെയ്ട്ടിന്റെ മുമ്പില്‍ നിന്നതു ഓര്മ്മയുണ്ട് . നാലഞ്ചു മാസം കഴിഞ്ഞു കുണ്ടറ പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു കത്ത് വന്നു. വാച്ച് വാങ്ങി കൊള്ളാന്‍. ഞാന്‍ വിചാരിച്ചു ഒരു കൊല്ലത്തോളം കോടതിയിലും മറ്റും സൂക്ഷിച്ച പഴയ വാച്ച് തുരുമ്പിച്ചു നശിച്ചിട്ടുണ്ടാവുമെന്നു. പക്ഷെ അത്ഭുതമെന്നു പറയട്ടെ കയ്യില്‍ കിട്ടിയ വാച്ച് ഞാന്‍ ചാവി കൊടുത്ത ആ നിമിഷം തന്നെ പ്രവര്ത്തി ച്ചു തുടങ്ങി, കൃത്യമായ സമയം കാണിക്കുന്നുണ്ടായിരുന്നു. നിസ്സാര വിലയ്ക്ക് വാങ്ങിയതായിരുന്നു എങ്കിലും അച്ഛന്‍ വാങ്ങിയ വാച്ച് അപ്പോഴും പാഴായി പോയില്ല, അച്ഛനും അമ്മയും കഷ്ടപ്പെട്ട് വളര്‍ത്തിയ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരെയും പോലെ തന്നെ. അമ്മയു ടെയും അച്ഛന്റെയും ആ നല്ല മനസ്സും സ്നേഹവും അനുഗ്രഹങ്ങളായി ഇന്നും ഞങ്ങള്ക്ക് കൂട്ടായി ഉണ്ട്, ഞങ്ങളെ നയിക്കുന്നു. അവരെ പ്രണമിച്ചു കൊണ്ടു ഞങ്ങളുടെ ദിവസങ്ങള്‍ തുടങ്ങുന്നു.


Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും