3.വര്ഷങ്ങള്‍ക്ക് ശേഷം

അച്ഛന്‍ വലുതായി . അമ്മ രണ്ടു കുട്ടികളുടെ അമ്മയുമായി. അച്ഛന്റെ അച്ഛന്റെ സ്വത്തും പ്രതാപവും എന്നേ അസ്തമിച്ച് കഴിഞ്ഞിരുന്നു.. മങ്കൊമ്പില്‍  നിന്ന്  അടുത്തുള്ള കോടതി അമ്പലപ്പുഴയാണ്. ഇന്നത്തെ പോലെ  വാഹന സൌകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടു കേസുകള്‍ നടത്താന്‍ പ്രത്യേകം വളപുര വള്ളത്തിലാണ് പോകുക. (സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള   വള്ളത്തിനു  മഴയും വെയിലും കൊള്ളാതിരിക്കാന്‍ വളഞ്ഞ ഒരു മേല്‍പ്പുര  ഉണ്ടാക്കിയതാണ് വളപുര  വള്ളം ) പലപ്പോഴും  കക്ഷികള്‍  രണ്ടും, പ്രതിയും വാദിയും കുടുംബ സമേതമാണ് പോകുക സാക്ഷി പറയാനും മറ്റും.  പോകുന്ന വഴിയില്‍ തന്നെ പരസ്പരം വാക്കേറ്റവും വഴക്കും കയ്യാം കളിയും വരെ  പതിവ് ഓരോ കോടതി കേസിനും ചിലവിനായി ഓരോ പറമ്പുകളും ഏക്കര്‍ കണക്കിനുണ്ടായിരുന്ന നിലവും വിറ്റു തീര്ന്നു. അപ്പുപ്പന്റെ മരണ ശേഷം  ബാക്കിയുള്ളത് ഭാഗം വെച്ചതില്‍ അച്ഛന്  കിട്ടിയ നാല്പതു സെന്‍റു സ്ഥലം അമ്മയുടെയും അച്ഛന്റെ  സഹോദരിയുടെ വസ്തുവുമായി കൈമാറ്റം ചെയ്തു വെള്ളക്കുഴിയില്‍ ഒരു നാല്പതു സെന്‍റു തുരുത്ത്  ഞങ്ങള്‍ക്ക് കിട്ടി..തികച്ചും ദ്വീപായിരുന്നു ഞങ്ങളുടെ വീട്. നാല്‌ വശവും വെള്ളം.പുറം ലോകത്തിലേക്ക് മഴക്കാലത്ത് വരണമെങ്കില്‍ വള്ളം വേണം.ഭാഗ്യത്തിന് ഒരു വള്ളം ഉണ്ടായിരുന്നു. വെള്ളത്തില്‍ കളിച്ചും വള്ളത്തില്‍ തുഴഞ്ഞും ആണ് ഞങ്ങള് വളര്‍ന്നത്.
പ്രശ്നം അതല്ല. അച്ഛനു പ്രത്യേകിച്ചു ജോലി ഒന്നും ഇല്ല. ഭക്ഷണത്തിനു പോലും മാര്‍ഗമില്ല. വിദ്യാഭ്യാസം പരിമിതം എങ്കിലും ഒരു തൊഴില്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. കുട്ടനാട്ടില് അന്ന് ബോട്ടുകള്‍ വഴി മാത്രമേ ഗതാഗതം സാധ്യമായിരുന്നുള്ളൂ. ധാരാളം ബോട്ട് സെര്‍വിസുകള്‍. സ്വരാജും പുഞ്ചിരിയും ഒക്കെ അന്നത്തെ ബോട്ട് കമ്പനികള്‍ ആയിരുന്നു.കൊച്ചി തുറമുഖത്തേക്കും മറ്റും സാധനങ്ങള്‍ കൊണ്ടുപോകാന്‍ കാര്‍ഗോ ബോട്ടുകളും സുലഭം. കഷ്ടിച്ചു എഴുത്തും വായനയും മാത്രം പഠിച്ച അച്ഛനെപ്പോലുള്ള ഒരാള്ക് അത്ര മോശമല്ലാത്ത ഒരു തൊഴില്‍ ബോട്ടില്‍ കിട്ടുമെന്നു ആരോ അച്ഛനോട് പറഞ്ഞു.ബോട്ടില്‍ സാധാരണ നാല്‌ തരം ജോലിക്കാരാണ് വേണ്ടത്. ടിക്കറ്റു കൊടുക്കുകയും പണം വാങ്ങുകയും ചെയ്യുന്നതിന് ബോട്ട് മാസ്ററ്ര്. ബോട്ടിന്‍റെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രൈവര്‍. ബോട്ടിന്റെ മുകളില്‍ പ്രത്യേകമായ ക്യാബിനിലിരുന്നു ഗതി നിയന്ത്രിക്കുന്ന സ്റാങ്ക്.ബോട്ട് ജെട്ടിയി്ല് അടുപ്പിക്കുകയും മറ്റു സഹായത്തിനുമുള്ള ലാസ്കര്‍.കൂട്ടത്തില്മാന്യതയുള്ളത് ബോട്ട് മാസ്റ്ററുടെ ജോലി ആണ്. കപ്പലിലെ കപ്പിത്താന്റെ പോലെ  പണി. അക്കാരണത്താലാവാം അച്ചന്‍ അതിന് വേണ്ടി പരീക്ഷ എഴുതി. ലൈസന്‍സ്‌ കിട്ടി.അങ്ങനെ തുച്ഛമായ ശമ്പളത്തിനു ബോട്ടില്‍ ജോലി കിട്ടി. കുടുംബത്തെ പോറ്റാന്‍ വേണ്ടി.

Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും