1: ആരംഭം
സ്ഥലം മങ്കൊമ്പ് , കുട്ടനാട് താലൂക്, പമ്പാ നദിയുടെ തേക്കേക്കര . വളരെ പഴകിയ ഒരു തറവാട്. ചെമ്പകശ്ശേരി
രാജാവിന്‍റെ പടനായകര്‍ ആയിരുന്ന പൂര്‍വികര്‍. കയ്മ്മള്‍, പണിക്കര്‍ എന്നീ സ്ഥാനപ്പേരും ധാരാളം വസ്തു വകകളും
കരമൊഴിവായി രാജാവ് യുദ്ധത്തില്‍ ജയിച്ചതിനു സംഭാവനയായി നല്‍കിയതു അനുഭവിക്കാന്‍ ഉണ്ടായിരുന്നു. പക്ഷെ താന്‍ പ്രമാണിത്യം
കൊണ്ടും കേസ് പറഞ്ഞും ചട്ടമ്പി കളിച്ചും
എല്ലാം കളഞ്ഞു കുളിച്ചു. അടിയും വെടിയും കേസും കൂട്ടവും. ചുരുക്കത്തില്‍ വെറും ഒരു
തലമുറയുടെ പകുതി കാലം കൊണ്ടു തന്നെ
എല്ലാം നാമാവശേഷമായി. ഞങ്ങള്‍ അച്ഛനും അമ്മയും
ഏഴ് മക്കളും ഭക്ഷണം കഴിക്കണമെങ്കില്‍ അച്ഛന്‍ ബോട്ടു ജോലിയില്‍ നിന്നു കിട്ടുന്ന
ബാറ്റ പിശുക്കി കൊണ്ടു വന്നത് കിട്ടണം. ഒരു മണിക്കൂര്‍ ജോലിക്ക് ബാറ്റ ഒരണ അഥവാ
ആറുപൈസ . കൊല്ലത്തിനും എറണാകുളത്തിനും നീണ്ട ട്രിപ്പ് കിട്ടിയാല്‍ ഒരു രൂപയോ ഒന്നര
രൂപയോ കട്ടന്‍ കാപ്പി കുടിച്ചതിന്റെ ബാക്കി ഉണ്ടാവും. വീട്ടില്‍ പട്ടിണികിടക്കുന്ന
ഏഴ് മക്കളെ ഓര്‍ത്താല്‍ കട്ടന്‍ കാപ്പിയും
വേണമെന്നില്ല. രാത്രി മുഴുവന്‍ ഉറക്കം വരാതിരിക്കാന്‍ കയ്യിലുള്ള മൂക്കില്‍വലിക്കുന്ന
പൊടിക്കു പുറകെ വല്ലപ്പോഴും ഒരു കട്ടന്‍
കാപ്പി എങ്കിലും വേണ്ടിവരും. പന്ത്രണ്ടും
പതിനാറും മണികൂര്‍ ഉറക്കം ഒഴിച്ച് പണി കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വച്ചു തന്നെ
അച്ഛന്‍റെ കയ്യില്‍ നിന്നും പൈസ വാങ്ങി മുന്‍കൂട്ടി കുറിച്ചു വച്ച കുറിപ്പടി
അനുസരിച്ച് അരിയും മുളകും ചക്കരയും തേയിലയും വാങ്ങേണ്ടത് എന്‍റെ ജോലി. പൈസ
കുറവാണെങ്കില്‍ ലിസ്റ്റും മാറും, അതിനും പൈസ തികഞ്ഞില്ലെങ്കില്‍ മനോധര്‍മ്മം പോലെ ചെയ്യാന്‍ അമ്മയുടെ അനുമതിയും.
സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുമ്പോള്‍
പാവം അച്ഛന്‍ കൂര്കം വലിച്ചുറങ്ങുന്നുണ്ടാവും. അമ്മയുടെ ഭാഷയില്‍ ‘വെട്ടിയിട്ട തടി
പോലെ’ . അടുത്ത ദിവസം ജോലിക്ക് പോകണ്ടതല്ലേ?
Comments
Post a Comment