4: മധ്യമന്റെ പരി ദേവനം

എന്റെ അമ്മ പ്രസവിച്ച മക്കള്‍ ഏഴു പേരായിരുന്നു. എനിക്ക് മൂത്തവര്‍ മൂന്നു പേര്‍ ബാക്കിയുള്ള  മൂന്നുപേര്‍. ഇളയവരായി. അപ്പോള്‍ ഞാന്‍ ശരിക്കും മധ്യമന്‍. സ്വഭാവത്തിലും അങ്ങനെയാണോ എന്നറിയില്ല. പക്ഷെ വീട്ടു ഭരണത്തിന്ടെ നീണ്ട കാലാവധി. എന്റെ  നേരെ മൂത്തത് സഹോദരി. അന്ന് സ്ത്രീകള്‍ കടയില്‍ ഒന്നും പോകുകയില്ല , അയക്കുകയുമില്ല. ഇളയത് സഹോദരന്‍ ആയിരുന്നു എങ്കിലും, ഇടയ്ക്ക് ഒരാള്‍ ചെറുപ്പത്തില്‍ മരിച്ചു പോയത് കൊണ്ടു പ്രായത്തില്‍  കൂടുതല്‍ വ്യത്യാസം. ചുരുക്കത്തില്‍ കഷ്ടിച്ച് മൂന്നാം ക്ലാസ്സ് കഴിഞ്ഞപ്പോള് മുതല്‍ പത്താം ക്ലാസ്സ് പസ്സാകുന്നതുവരെ. വീടിലെ പുറത്തെപ്പണികള് എല്ലാം എന്റെ തലയിലായിരുന്നു. പ്രത്യേകിച്ചും കൊച്ചേട്ടന് സാഹിത്യകാരനും ബുദ്ധിജീവിയുമായത് കൊണ്ടു. അന്നന്ന് കടയില്‍ പോകണം, പശുവിനെ കറവ ഉള്ളതുകൊണ്ടു പാല്‍ കൊടുത്തു വൈകുന്നേരം പൈസ വാങ്ങി പശുവിന് പിണ്ണാക്കും ബാക്കി  പൈസക്ക്‌ അത്യാവശ്യ സാധനവും വാങ്ങണം. ഇതെല്ലാം കഴിഞ്ഞു വേണം വല്ലതും പഠിക്കാന്. പക്ഷെ പഠിക്കാന്‍ അന്നും ഇന്നും സുഖമുള്ള കാര്യമായത് കൊണ്ടു പ്രശ്നമില്ല. പ്രത്യേകിച്ചും ഒരു ക്ലാസ്സ് ശ്രദ്ധിച്ചു കഴിഞ്ഞാല്‍ വീട്ടിലിരുന്നു അധികം വായിക്കേണ്ടതില്ല.

പാലിന്റെ പൈസ വാങ്ങുന്നതാണ് ഏറ്റവും ശ്രമകരം. മങ്കൊമ്പ് ബോട്ട് ജെട്ടിക്കടുത്തു ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടെ നിന്നും  പാലിന്റെ പൈസ കിട്ടാന്‍ ചിലപ്പോള്‍ രാത്രി എട്ടു മണി വരെ ആവും. സ്കൂള്‍ വിട്ടു വരുമ്പോള്‍ പൈസ കിട്ടിയാല്‍ സാധനം വാങ്ങി വീട്ടില്‍ കൊടുത്തു കളിക്കാന്‍ പോകാം. പക്ഷെ ഹോട്ടല്‍ മുതലാളി എന്നാ കുടവയറന്‍ തരുകയില്ല. വീട്ടില്‍ പോയി തിരിച്ചുവന്നാല് വെറുതെ ബോട്ടുകള്‍ വരുന്നതും പോകുന്നതും നോക്കി  ജെട്ടിയിലിരിക്കണം അയ്യാളുടെ മനസ്സു അല്ലെങ്കില്‍ പണപ്പെട്ടി  തുറക്കുന്നതുവരെ.  ചിലപ്പോള്‍ അവസാനത്തെ കടത്തുവള്ളത്തിലായിരിക്കും തെക്കെക്കരയിലെത്തുന്നത്. ഒരു കുപ്പി പാലിനു നാലണയാണ് ( ഇന്നത്തെ  25 പൈസ) വില. ഓരോ ആള്‍ ചായകുടിച്ചു പൈസ കൊടുക്കുമ്പോഴും ഞാന്‍ എത്തി നോക്കും, നമ്മുടെ പൈസ തരുമോ എന്ന്. വിശന്നു വലഞ്ഞ ഭിക്ഷക്കാരന്‍ അലമാരയിലെ പലഹാരം കൊതിയോടെ നോക്കുന്നതുപോലെ. പക്ഷെ അയാള്‍ പെട്ടിയില്‍ പൈസ ഉണ്ടെങ്കിലും തരുകയില്ല. അമ്മയോട് പല പ്രാവശ്യം പരാതി പറഞ്ഞിട്ടുണ്ട്. അമ്മക്ക് എന്ത് ചെയ്യാന്‍ കഴിയും. അച്ഛന്‍ ഇത്തരം കാര്യത്തില്‍ ഇടപെടുകയില്ല. അച്ഛന്‌ അതിന് സമയവുമില്ല. നല്ല തിരക്കുള്ള ഉത്സവ സമയത്തു പോലും അയാളുടെ സ്വഭാവമിതാണ്. അയാളുടെ അനുജന്‍ ഒരു കള്ളുഷാപ്പിലെ അടിപിടിയില്‍  കത്തിക്കുത്തേറ്റ് മരിച്ചു, പ്രമാദമായ ഒരു കുട്ടനാടന്‍ കൊലപാതകം. അന്ന് അറിയാതെ മനസ്സില്‍ വിചാരിച്ചു ഇയാള്‍ എന്നോടു ചെയ്യുന്ന ദുഷ്ടതക്ക് പ്രതിഫലം ആയിരിക്കും എന്ന്!   ഇന്നു അയാളും അയാളുടെ ഹോട്ടലും ഇല്ല. എന്നെപോലെ പാല് കുപ്പിയിലാക്കി കൊണ്ടുകൊടുക്കുന്ന കുട്ടികളും.


Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും