5. അച്ഛന്റെ മുന്കോപം

കഠിനമായി  അധ്വാനിച്ചു കടുംബം പുലര്‍ത്തി വന്ന അച്ഛന് സ്നേഹം തീരെ  പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു. അച്ഛനെപ്പറ്റി ഇന്നും ഒരു ചെറിയ ഭയത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. "കുട്ടികളെ അഞ്ചു വയസ്സുവരെ ദൈവത്തെപ്പോലെയും അഞ്ചു മുതല്‍ പന്തണ്ടു വരെ ശിക്ഷിച്ചു വിദ്യാര്ത്ഥികളെപ്പോലെയും അതിന് ശേഷം കൂട്ടുകാരെപ്പോലെയും കരുതണം" എന്ന് അച്ഛന്‍ പറയാറുണ്ട്. എന്നാലും, അച്ഛന്‍ ഒരു മുന്കോപി ആയതുകൊണ്ടും, അച്ഛനുമായി അധികസമയം സൌഹൃദം സ്ഥാപിക്കാന്‍ സമയം കിട്ടാത്തതു കൊണ്ടും ആവാം അച്ഛനെപ്പറ്റി ഓര്ക്കുംപോള്‍ ഭയം തോന്നുന്നത്. ഇതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം അച്ഛന്റെ ശിക്ഷാമുറകളാണ്, പ്രത്യേകിച്ചും കൂടുതല്‍ അനുസരണക്കേട് കാട്ടുന്നവരോടുള്ളത് . ഞങ്ങളിലൊരാള് ഒരു ചീത്ത ശീലത്തിനടിമയായി. പൈസ വെച്ചു ചീട്ടു കളിക്കുക. സ്കൂളില്‍ പോകുമ്പോള്‍ പോലും കയ്യിലുള്ളത് കൊണ്ടു ചീട്ടു കളിക്കും. രണ്ടു പേരെ കിട്ടിയാല്‍ കളിക്കാവുന്ന '' പന്നിമലത്ത്‌(ഫ്ലാഷിന്റെ ഒരു വകഭേദം) എന്ന കളിയാണ് പതിവു. 'ടൈം പാസ്സിനുള്ള' പന്ത്രണ്ടു കളിക്ക് നാലുപേരെന്കിലും വേണം. പലപ്പോഴും വീട്ടിലേക്ക് അരിയും മറ്റു സാധനങ്ങളും വാങ്ങാന്‍ അമ്മ കൊടുത്ത പൈസ വെച്ചു പോലും കളിച്ചു പണം നഷ്ടപ്പെട്ടു സാധനം വാങ്ങാതെ തിരിച്ചെത്തി തുടങ്ങിയപ്പോഴാണ് കാര്യം വഷളാണെന്നു അമ്മക്ക് മനസ്സിലായത്. മറ്റുള്ളവര്‍ പറഞ്ഞു അച്ഛന്റെ ചെവിയിലും എത്തി. ഒരു ദിവസം അച്ഛന്‍ തന്നെ കടത്തുകടവിനു പുറകിലുള്ള പറമ്പില്‍ നിന്നു കക്ഷിയെ പിടിച്ചു. വീട്ടില്‍ കൊണ്ടു വന്നു പുളിമരത്തില്‍ കെട്ടിയിട്ടു നല്ലവണ്ണം തല്ലി. പുളിമരത്തില്‍ നിന്നു നീറിന്റെ ( വലിയ തരം ഉറുമ്പ്‌) കൂട് വെട്ടിയെടുത്തു ശരീരത്തില്‍ കുടയും .ഇതു കണ്ടു മറ്റുള്ളവര്‍ നിലവിളിക്കും. കുറ്റവാളിക്കു വേണ്ടി മാപ്പ് ചോദിക്കും. അച്ഛന്‍ വിടുകയില്ല. കക്ഷി അക്ഷോഭ്യനായി നില്‍കുമ്പോള്‍ അച്ഛന്റെ ദ്വേഷ്യം കൂടും. ഇതൊക്കെ കണ്ടതുകൊണ്ടാവാം അച്ഛനെപ്പറ്റി ഇത്രയും ഭയം. പക്ഷെ ഇതുകൊണ്ടു പോലും കക്ഷി നന്നായില്ല, അന്നും ഇന്നും. അവസരം കിട്ടിയാല് ഒരു കൈ നോക്കും എവിടെയും. മദ്യപാനവും പണം വെച്ചുള്ള  ചീട്ടുകളിയും എത്രയോ ജീവിതങ്ങള്‍  ഞങ്ങളുടെ  നാട്ടില്‍ ഇന്നും  അവസാനിക്കുന്നു.  എന്നാല്‍  ചെറിയ തെറ്റുകള്‍ക്ക്  അച്ഛന്‍   ശിക്ഷിച്ചാല്‍  കുറെ സമയം കഴിഞ്ഞു  അച്ഛന്‍ തന്നെ  ശിക്ഷിക്കപ്പെട്ട ആളെ വിളിച്ചു മടിയില്‍ ഇരുത്തി ആശ്വസിപ്പിച്ച   അവസരവും അപൂര്‍വ്വം ഉണ്ടായിട്ടുണ്ട്.


Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

15 : തവള പിടുത്തവും പരിസ്ഥിതിയും