7. മുന്കോപിയായ അച്ഛനും വാശിക്കാരായ അമ്മയും മകനും.

സാധാരണ മാതാപിതാക്കളുടെ ആഗ്രഹം അവരുടെ കുട്ടികള്‍ അവരുടെ നല്ല സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നായിരിക്കുമല്ലോ. എന്റെ ജീവിതത്തില്‍ എന്റെ അമ്മയും ഞാനും വാശിക്കാര്യത്തില്‍ അത്ര പിന്നോക്കം ആയിരുന്നില്ല എന്നത് കാണിക്കുന്ന രണ്ടു സംഭവങ്ങള്‍ ഇതാ.

ഞങ്ങളുടെ വീടുകളില്‍ ഇന്നും പലരും പൂര്‍ണ സസ്യഭുക്കുകള്‍ ആണ്കാരണം പഴയ തലമുറകളില്‍ മിക്കവരും അങ്ങനെയായിരുന്നു എന്നത് കൊണ്ടു തന്നെ. പുതിയ തലമുറ മത്സ്യമാംസങ്ങള്‍ കഴിച്ചു തുടങ്ങിയിട്ടും പഴയവര്‍ അങ്ങനെ തന്നെ തുടരുന്നു. ചിലര്‍ പാകം ചെയ്തു കൊടുക്കുന്നു, കഴിക്കാതെ തന്നെ. ചിലര്‍ അത്യാവശ്യത്തിനു ഹോട്ടലില്‍ നിന്ന് വരുത്തി കഴിക്കുന്നു. മറ്റു ചിലര്‍, പ്രത്യേകിച്ചും കുടുംബനാഥന്മാര്‍, അവനവന്റെ ഇഷ്ടങ്ങള്‍ മാത്രം വീട്ടില്‍ നടപ്പിലാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്നു. എനിക്കറിയാവുന്ന ചില സുഹൃത്തുക്കള്‍ (ബന്ധുക്കളും) അവര്‍ക്ക് മത്സ്യ മാംസം ഇഷ്ടമല്ലെങ്കില്‍ വീട്ടില്‍ അവ പാച കം ചെയ്യാന്‍ സമ്മതിക്കുകയില്ല. ആഗ്രഹം കൂടുമ്പോള്‍ മറ്റുള്ള അംഗങ്ങള്‍ വേണമെങ്കില്‍ ഹോട്ടലില്‍ പോയി ഒളിച്ചു അറിയാതെ കഴിച്ചു കൊള്ളണം. അവനവന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ത്വരയില്‍ മറ്റുള്ളവരുടെ സ്വാഭാവികമായ ആഗ്രഹങ്ങള്‍ക്ക്  വിലങ്ങാകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

ഞങ്ങളുടെ അമ്മ പൂര്‍ണമായും സസ്യാഹാരം മാത്രം കഴിക്കുന്ന ആളായിരുന്നു. എന്നാല്‍ അച്ഛനും ഞങ്ങള്‍ മക്കള്‍ക്കും മത്സ്യം വളരെ ഇഷ്ടം. യാതൊരു മടിയും കൂടാതെ അമ്മ നല്ല രീതിയില്‍ മത്സ്യക്കറി ഉണ്ടാക്കും, ഒരു തുള്ളി നാക്കില്‍ വച്ച് ഉപ്പു പോലും നോക്കാതെ. അന്നത്തെ അമ്മമാര്‍ക്ക്  ‌ കറിയുടെ ഉപ്പും പുളിയും ഒക്കെ അതിന്റെ വാസനയില്‍ നിന്ന് തന്നെ അറിയാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നു. (പക്ഷെ ഇപ്പോള്‍ എന്റെ ധര്മ്മ പത്നിയും ഇത് തന്നെ ചെയ്യുന്നു, ഉപ്പും മുളകും പാകമാണോ എന്നറിയാന്‍ ഞാന്‍ സഹായിക്കണം എന്ന് മാത്രം, അയാളും അമ്മയെപ്പോലെ മത്സ്യം കഴിക്കുകയില്ല, പക്ഷെ ഞങ്ങള്‍ക്ക്  വേണ്ടി പാകം ചെയ്യും, അത്ര മോശം ആകാതെ തന്നെ). 

അമ്മയും അച്ഛനും കുടുംബമായി വേറെ താമസിച്ച ആദ്യകാലത്ത് ഒരിക്കല്‍ അമ്മയെ അച്ഛന്‍ മത്സ്യക്കറി കഴിപ്പിക്കാന്‍ ശ്രമിച്ചു. മത്സ്യം കഴിച്ചാല്‍ ച്ഛര്‍ദ്ദിക്കും എന്ന് പറഞ്ഞു അമ്മ ഒഴിയാന്‍ ശ്രമിച്ചു, അച്ഛന്‍ വിട്ടു കൊടുത്തില്ല. സാമ, ദാന, വേദ മാര്ഗങ്ങള്‍ എല്ലാം പ്രയോഗിച്ചു നോക്കി, ദണ്ഡം എന്ന അടുത്ത പടിയിലേക്ക് പോയില്ല എന്ന് തോന്നുന്നു, മത്സ്യം ചേര്‍ത്ത്  ഒരു ഉരുള ചോറെങ്കിലും അമ്മയെ ക്കൊണ്ടു കഴിപ്പിക്കാന്‍ അച്ഛന്‍ വീണ്ടും വീണ്ടും ശ്രമിച്ചു, പരാജയപ്പെട്ടു. അമ്മ മരിക്കുന്നത് വരെ ഒരിക്കലും മത്സ്യം കഴിച്ചില്ല. പക്ഷെ മത്സ്യക്കറിയും ഇറച്ചിക്കറിയും എല്ലാം വളരെ സ്വാദോടെ ഉണ്ടാക്കി ഞങ്ങള്ക്ക് തരുമായിരുന്നു.

ഇനി എന്റെ ഊഴം. അന്നൊക്കെ ഞങ്ങളുടെ വീടുകളില്‍ എല്ലാം സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി കുട്ടികളും വല്യവരും നാമം ചൊല്ലുമായിരുന്നു. ഗണപതി സരസ്വതി തുടങ്ങി നാലഞ്ചു കീര്‍ത്തനം എങ്കിലും ചൊല്ലിയാലേ അത്താഴം വിളമ്പുകയുള്ളൂ. ( ഇന്ന് കണ്ണീര്‍ കുശുമ്പു സീരിയലുകളാണ് ഇതേ സമയത്ത് വീടുകളില്‍ കാണുന്നത് , അത് വേറൊരു കാര്യം ). ഒരു ദിവസം അച്ഛന്‍ വീട്ടിലുള്ള ദിവസം ഞങ്ങള്‍ എല്ലാവരും പ്രാര്ഥി്ക്കാന്‍ ഇരുന്നു. പകല്‍ എന്തോ വഴക്കുണ്ടാക്കിയ കാരണം കൊണ്ടു ഞാന്‍ മാത്രം അന്ന് കീര്‍ത്തനം  ഒന്നും ചൊല്ലാതെ മുഖം വീര്‍പ്പിച്ച് ഒരു ഇരുപ്പു. അച്ഛന്‍ സംഗതി ശ്രദ്ധിച്ചു, ഒരു പ്രാവശ്യം പറഞ്ഞു, രണ്ടു പ്രാവശ്യം ആയി, ഞാന്‍ സഹകരിക്കുന്നില്ല. അച്ഛന്‍ എന്നെക്കൊണ്ടു കീര്ത്തനം ചൊല്ലിക്കുവാനും ഞാന്‍ ചൊല്ലാതിരിക്കുവാനും ആയി ശ്രമം. പതിവ് പോലെ സാമ വേദങ്ങളെല്ലാം കഴിഞ്ഞു ദണ്ഡത്തിലേക്ക് മെല്ലെ കടന്നു, അടി കിട്ടിയിട്ടും ഞാന്‍ കൂസലില്ലാതെ അതേ ഇരുപ്പിരുന്നു എന്നാണു കേട്ടത്. രാത്രി ഒമ്പതുമണി വരെ അച്ഛനും ഞാനും തമ്മില്‍ ഉള്ള മത്സരം തുടര്ന്നു , അടി കൂടുതല്‍ കിട്ടിയിട്ടും ഞാന്‍ കൂട്ടാക്കിയില്ലത്രേ. അവസാനം അച്ഛന്‍ ക്ഷമ കെട്ടു അടിയും നിര്ത്തി. അന്ന് രാത്രി എനിക്ക് അത്താഴം കൊടുക്കരുത് എന്ന് അമ്മയോട് കര്‍ശനമായി പറഞ്ഞു എല്ലാവരും ഉറങ്ങാന്‍ പോയി.


രാത്രി വിശപ്പ്‌ സഹിക്കാതെ അഭിമാനം നോക്കാതെ ഞാന്‍ ആരും അറിയാതെ അടുക്കളയില്‍ കയറി. പാവം അമ്മ അത് പ്രതീക്ഷിച്ചതു പോലെ എനിക്കുള്ള കഞ്ഞി ഒരു പാത്രത്തില്‍ വിളമ്പി ഭദ്രമായി അടച്ചു വെച്ചിരുന്നു. വൈകുന്നേരത്തെ വാശിയും അടിയുടെ വേദനയും മറന്നത് അമ്മ വിളമ്പി വെച്ച കഞ്ഞി സ്വാദോടെ കുടിച്ചപ്പോഴായിരുന്നു. അങ്ങനെ ഞാനും ഒരു വാശിക്കാരനായി. ചില കാര്യത്തില്‍ ഇപ്പോഴും ഞാന്‍ ഇങ്ങനെയാണെന്ന് ശ്രീമതി പറയുന്നു, ആവോ ?

രണ്ടു പേരും വാശിക്കാര്‍ തന്നെ, അമ്മ തന്റെ നല്ല ശീലം നിലനിര്ത്താനും ഞാന്‍ തികഞ്ഞ ദൈവനിഷേധത്തിനും !!!


Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും