15 : തവള പിടുത്തവും പരിസ്ഥിതിയും


കുട്ടനാട്ടിലെ പരിസ്ഥിതിയില്‍ ഇന്നു വന്നിട്ടുള്ള വ്യതിയാനം അസാമാന്യമാണ്. പഴയ ഓര്‍മകള്‍ വീണ്ടും തികട്ടിവരുന്നു. പണ്ടു പണ്ടു കൊഞ്ചും കരിമീനും ധാരാളം ഉള്ള സമയത്തു കുട്ടനാട്ടില്‍ ധാരാളം തവളകള്‍ (മാക്രികള്‍) ഉണ്ടായിരുന്നു. കൊതുകുകളെ നിയന്ത്രിക്കുന്നതില്‍ വളരെ അധികം സഹായകമായ ഒരു ജീവി ആയിരുന്നു തവളകള്‍. പൊതുവേ  മനുഷ്യര്‍ക്ക്‌ ശല്യം ഒന്നുമില്ല താനും. പക്ഷെ തവളക്കാലുകളുടെ രുചി സായിപ്പും മദാമ്മയും അറിഞ്ഞതോടുകൂടി അവയ്കും കഷ്ടകാലമായി. ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് തവളക്കാല് കയറ്റുമതി തുടങ്ങിയത്. സാമാന്യം നല്ല വലിപ്പമുള്ള തവളയെ  പിടിച്ചു അവയുടെ  പിന്കാലുകള്‍ രണ്ടും മാത്രം വയറിനു താഴെ വച്ചു മുറിക്കുന്നു. തൊലി മാറ്റി മാംസ ഭാഗം മാത്രം ശീതീകരണപ്പെട്ടിയിലാക്കി കയറ്റുമതി ചെയ്യുന്നു. ഒരു തവളയുടെ മൂന്നില്‍ ഒന്നു ഭാഗം മാത്രം മുറിച്ചു മാറ്റി  ബാക്കി കളയുന്നു. (പലപ്പോഴും കാലു മാത്രം മുറിച്ചു മാറ്റിയ തവളകള്‍  അര്‍ത്ഥ പ്രാണരായി കിടന്നു പിടക്കുന്നത്‌ ഒരു പ്രാവശ്യം കാണാന്‍ ഇടയായി. ഹൃദയ ഭേദകമായ കാഴ്ച.)   ഒരു കിലോ ഇറച്ചിക്ക് 20- 30  തവളകളെ ഇങ്ങനെ കൊല്ലേണ്ടി വരുന്നു. രാത്രിയില്‍ ആണ് തവളപിടുത്തക്കാര് ഇറങ്ങുന്നത്. പെട്രോമാക്സ് വിളക്കും ചാക്കുമായി അവര്‍ പത്തു പതിനൊന്നു മണി ആകുമ്പോള്‍ ഇറങ്ങുന്നു. തവളകള്‍ കൂടുതല്‍ കാണുന്ന സ്ഥലങ്ങളില് ചെറിയ കമ്പിവല വച്ചു അവയെ പിടിച്ചു ചാക്കിലാക്കുന്നു . സൌകര്യമായി ശീതീകരണ സംവിധാനമുള്ള സ്ഥലത്ത് വച്ചു മുറിച്ചു പാര്‍സല്‍ ആക്കുന്നു. പണ്ടൊക്കെ രാത്രിയില്‍ കുട്ടനാട്ടില്‍ ചിലപ്പോള്‍ അപരിചിതര്‍ക്ക് ഭയമുണ്ടാക്കുന്ന തവളയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.  ഇന്നു രാത്രികള്‍ പോലും നിശ്ശ:ബ്ദം. കൊതുകുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു, മാരക രോഗങ്ങളും അതിനോടൊപ്പം വര്‍ദ്ധിച്ചു  വലിയ പാട ശേഖരങ്ങളില്‍ കൂടി  തലങ്ങനെയും വിലങ്ങനെയും വന്ന ചെറിയ റോഡുകള്‍ മൂലം ചെറിയ ചെറിയ വെള്ളക്കെട്ടുകളായി മാറി. കൊതുകിനും മറ്റും ഒന്നാംതരം വാസസ്ഥലവുമായി.പ്രകൃതിയോടു അനുനയിച്ചു കഴിഞ്ഞിരുന്ന പഴയ കുട്ടനാട് ഇന്നു വെറും ഒരു ഓര്‍മ്മ മാത്രമായിക്കഴിഞ്ഞു

Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം