6.പത്തു പെറ്റ അമ്മ
ഞങ്ങളുടെ അമ്മ പത്തു പ്രാവശ്യം പ്രസവിച്ചു. ഞങ്ങള്‍ മക്കള്‍ തമ്മില്‍ പരമാവധി രണ്ടു
വയസ്സിലധികം വ്യതാസമില്ല. അതില്‍ മൂന്നുപേര്‍ ചെറുപ്പത്തിലേ മരിച്ചു. ഞങ്ങളില്‍
ഏറ്റവും മൂത്ത ജ്യേഷ്ഠന്‍ - ഭക്തന്‍ -എന്ന് പേരുള്ള വലിയേട്ടനാണ് ആദ്യം മരിച്ചത് .
ജ്യേഷ്ഠന്‍ പഠിക്കാന് വളരെ മിടുക്കനായിരുന്നു. പേര് പോലെ തന്നെ നല്ല സ്വഭാവക്കാരന്‍.
പെട്ടൊന്നൊരു ദിവസം ഉച്ചക്ക് സ്കൂളില്‍ നിന്നു നല്ല തലവേദനയെന്ന് പറഞ്ഞു
വീടിലേക്ക് പോന്നു. ഞങ്ങളുടെ അടുത്തുള്ള ഒരു മൃഗവൈദ്യനില്‍നിന്നു വാങ്ങിയ ഏതോ ഇല പിഴിഞ്ഞു തലയില്‍ പുരട്ടി. തലവേദന കുറഞ്ഞില്ല
എന്ന് മാത്രമല്ല കൂടുകയും ചെയ്തു. അച്ഛന്‍ ജോലിക്ക് പോയിരിക്കുകയാണ്. പിറ്റേദിവസം
പതിനൊന്നു മണി ആയപ്പോള്‍ ജ്യേഷ്ഠന്‍ മരിച്ചു. അച്ഛന്‍ ബോട്ടില്‍ നിന്നിറങ്ങുമ്പോള്‍
കേട്ട വാര്ത്താ ദാരുണമായിരുന്നു. കുട്ടികള്‍ എത്ര ഉണ്ടായാലും അമ്മയ്ക്കും
അച്ഛനും എല്ലാം ഒരുപോലെ. ആദ്യത്തെ കണ്മണി ആകുമ്പോള്‍ അമ്മയുടെ വിഷമം പറയാനില്ല.
എന്താണ് അസുഖമെന്നോ ഒന്നും ഇന്നും ആര്‍കും അറിയില്ല. ഇന്നത്തെ ആള്കാര്‍ meningitis എന്നോ മറ്റോ പറഞ്ഞേക്കാം. പക്ഷെ ഇന്നും അതജ്ഞാതമാണ്. ഞങ്ങളുടെ കുടുംബത്തിന്റെ
എല്ലാം കൊണ്ടും നായകനാകാന്‍ വിധിച്ച ജ്യേഷ്ഠന്‍. എനിക്ക് കഷ്ടിച്ച് രണ്ടു
വയസ്സ് ഉണ്ടാവൂ. മറ്റുള്ളവര്‍ പറഞ്ഞു അറിഞ്ഞതാണ്. മറ്റു രണ്ടുപേര്‍ എന്റെ മൂത്ത
സഹോദരി നിര്‍മലയും ഇളയ സഹോദരി ലളിതയും. രണ്ടു പേരും വളരെ ചെറുപ്പത്തില്‍ തന്നെ
മരിച്ചു. ലളിതയെപ്പറ്റി ഒരു ചെറിയ ഓര്‍മയുണ്ട്. അസുഖം വന്നു തീരെ വയ്യാതായപ്പോള്‍
ചില മരുന്നു പരസ്യത്തിലെ അനീമിയ പിടിച്ച വയറുന്തിയ കുട്ടികളെപ്പോലെയായി
തീര്‍ന്നിരുന്നു അവള്‍ .
Comments
Post a Comment