12: . സിനിമ കാണാന്‍ ഉള്ള തത്രപാട്


സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വഭാവികമായും സിനിമ കാണാനുള്ള ആഗ്രഹം ഉണ്ടാവുമല്ലോ. പക്ഷെ അന്ന് മങ്കൊമ്പില് സിനിമാ കൊട്ടക ഒന്നും ഇല്ല. ഏറ്റവും അടുത്തുള്ളത് പുളിങ്കുന്നില് ആണ്. പുളിങ്കുന്ന് കുന്കോ (ഉദയാ  സ്റ്റുഡിയോ സ്ഥാപിച്ച കുഞ്ചാക്കൊയുടെ -  ഇന്നത്തെ   നടന്‍ കുഞ്ചാക്കൊയുടെ  മുത്തച്ഛന്റെ വക) . ഞങ്ങളുടെ താമസ സ്ഥലത്തുനിന്നു 5-6 കിലോമീറ്ററെങ്കിലും ദൂരെയാണ്. ബോട്ടില്‍ പോകാന്‍ ഒരണ (6 പൈസ ) ചാര്‍ജ്. ടിക്കറ്റ് മിനിമം രണ്ടണ. നാലണ വലിയ തുക ആയതുകൊണ്ട്, എങ്ങനെയെങ്കിലും രണ്ടണ സമ്പാദിച്ചാല്‍ സിനിമാ കാണാനുള്ള ശ്രമമായി. കടയില്‍  പോയി അപൂര്‍വ്വം ബാക്കി വരുന്ന ഓട്ടക്കാലണകള്‍ ( നടുക്ക് ദ്വാരമുള്ള  ചെമ്പു ലോഹത്തില്‍ ഉള്ള  കാലണത്തുട്ടു)  കൂട്ടി വച്ചാണ്  രണ്ടണ ഒപ്പിക്കുന്നത്.

അച്ഛന്റെ അനുവാദമില്ലാതെ പോകാന്‍പറ്റില്ല. അച്ഛനോട്നേരിട്ടു ചോദിക്കാന്‍ ധൈര്യവുമില്ല. ഞായറാഴ്ച മാറ്റിനിക്ക് മുമ്പ് അതുകൊണ്ടു അമ്മയെ പറഞ്ഞു സമ്മതിപ്പിക്കും. ആദ്യം അമ്മയും സമ്മതിച്ചില്ലെങ്കിലും മെല്ലെ മെല്ലെ അനുവദിക്കും. അച്ഛന്‍ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഉറങ്ങാന്‍ കയറുമ്പോള്‍ പ്രശ്നം അവതരിപ്പിച്ചു അനുവാദം വാങ്ങാന്‍ അമ്മയോട്അപേക്ഷിക്കുന്നു. അച്ഛന്‍ ഉറങ്ങാന്‍ താമസിച്ചാല്‍ സിനിമ തഥൈവ . അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏകദേശം രണ്ടു രണ്ടേകാല് മണി ആകുമ്പോള്‍ അനുമതി കിട്ടുന്നു. തിരിച്ചു സന്ധ്യക്ക്‌ മുമ്പ് വരണം, പാലിന്റെ പൈസ വാങ്ങണം, പശുവിന് പിണ്ണാക്ക് വാങ്ങണം എന്നീ നിബന്ധനകളോടെ. പിന്നെ ഒരൊറ്റ ഓട്ടമാണ്. സിനിമ മൂന്നുമണിക്ക് തുടങ്ങും. മുന്‍കൂട്ടി പറഞ്ഞു വച്ച കൂട്ടുകാരനുമായി മങ്കൊമ്പ് കടത്തു കടന്നു, മങ്കൊമ്പ് അമ്പലം വഴി നെല്പാടം കടന്നു ഓടി കിതച്ചു കൊട്ടകയില്‍ എത്തുമ്പോള്‍ മണി മൂന്നു കഴിഞ്ഞിരിക്കും. ഇന്ത്യന്‍ ന്യൂസ് റിവ്യൂ ഒരിക്കലും കണ്ടതോര്‍മയില്ല. വെയിലത്ത്‌ ഓടി കിതച്ചു രണ്ടണ കൊടുത്തു തറ ടിക്കറ്റ് വാങ്ങി അകത്ത് ‍ കേറുമ്പോള്‍ തങ്കമലരഹസ്യത്തിലെ ആനയും കിളിയും എം ജി ആര്‍ അണ്ണനും ആണ്ഭീമാകാരമായി തൊട്ടുമുന്നില് കാണുന്നത്. പത്തു മിനിട്ടെങ്കിലും കഴിഞ്ഞേ ശരിക്കു കാണാന്‍കഴിയൂ. ഇരിക്കുന്നത്‌ തറ ടിക്കറ്റ്  എടുത്തവരില്‍ ഏറ്റവും മുന്നില്‍ ആണെന്ന് ഓര്ക്കണം. ഭീമാകാരമായ തിരശീലയുടെ തൊട്ടു തൊട്ടാണ് ഇരിക്കുന്നത്‌. എന്നാലും 'സതി അനസൂയ', 'സത്യവാന്‍ സാവിത്രി' 'തങ്കമലൈ രഹസ്യം' 'നായര് പിടിച്ച പുലിവാല് ' ഇതൊക്കെ പലപ്പോഴായി കണ്ട ചിത്രങ്ങളാണ്.സിനിമ തീരുന്നതുവരെ ഇരുന്നാല്‍ ചിലപ്പോള്‍ രാത്രിയാകുമെന്നത് കൊണ്ടു പലപ്പോഴും മനസ്സില്ലാമനസ്സോടെ ഇറങ്ങി തിരിച്ചു പുറപ്പെടും. തിരിച്ചു വരുന്ന  വഴിയില്‍  അമ്മ ഏല്‍പിച്ച  ജോലികള്‍  ചെയ്തു സന്ധ്യയോടെ  വീട്ടില്‍ എത്തും.


Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും