14 എന്റെ ആദ്യത്തെ 'വിദേശ'യാത്ര
ഒന്‍പതാം ക്ലാസ്സു വരെ ഞാന്‍
വീട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരെ പോയത് അച്ഛന്റെ കൂടെ ആലപ്പുഴയിലോ
അമ്പലപ്പുഴയിലോ ഉത്സവം കാണാന്‍ മാത്രമാണ്. തനിയെ മങ്കൊമ്പിനു പുറത്തു പോയിട്ടില്ല.
അങ്ങനെയിരിക്കുമ്പോഴാണ് അത്യാവശ്യമായി ജ്യെഷ്ടന്റെ ജോലിസ്ഥലത്ത് കൊഴഞ്ചേരിയില്
പോകേണ്ടിവന്നത്. ആദ്യമായാണ് ബസ്സില്‍ തന്നെ കയറുന്നത്. മങ്കൊമ്പില് നിന്നും
ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി തിരുവല്ല , തിരുവല്ല കോഴഞ്ചേരി ഇതാണ്
റൂട്ട്. അച്ഛന്‍ സ്ഥലത്തില്ലാത്തത് കൊണ്ടും അത്യാവശ്യമായി ജ്യെഷ്ടനെ കാണേണ്ടത് കൊണ്ടും
ഞാനാണ് പോകേണ്ടത്. വഴി എല്ലാം പറഞ്ഞു. തിരുവല്ല KSRTC ബസ്റ്റാണ്ടില് നിന്നു SC കവലയില്‍ ചെന്നു പ്രൈവറ്റ്
ബസ്സ് കേറണം എന്നിങ്ങനെ. ഒരു പ്രധാന പ്രശ്നം അര ടിക്കറ്റ് വേണോ മുഴു ടിക്കറ്റ് വേണോ എന്നതാണ്. അമ്മ പറഞ്ഞു
കണ്ടക്ടരോടു പറഞ്ഞു നോക്കു അര ടിക്കറ്റ് പോരേ എന്ന്. അല്പം പൊക്കം ഒക്കെയുണ്ട്, മീശ കിളുത്തു വരുന്നതേ
ഉള്ളൂ. മുണ്ടുടുത്തു തുടങ്ങിയിട്ടില്ല , ട്രൌസര്‍ തന്നെ. അര ടിക്കറ്റിനും മുഴു ടിക്കറ്റിനും ഇടയ്ക്കുള്ള പ്രായം.
ഭാഗ്യം പരീക്ഷിക്കുക തന്നെ.
മങ്കൊമ്പ്-ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി-തിരുവല്ല
ബസ്സുകളില്‍ വലിയ പ്രശ്നം ഇല്ലാതെ കടന്നു കൂടി, അര ടിക്കെറ്റില്‍ ഒപ്പിച്ചു.
തിരുവല്ല കോഴെഞ്ചേരി ബസ്സില്‍ അര ടിക്കെടു ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ മടിച്ചു.
പുറകില്‍ നിന്നു ഒരു വലിയപ്പന്റെ കമന്റ് "എടാ ഇന്നലെ അല്ലായിരുന്നോ ഇവന്‍റെ
മനഃസ്സമ്മതം? കെട്ടാന് പോകുന്ന ചെറുക്കനു
അര ടിക്കെറ്റോ?"
ഞാന്‍
ഇളിഭ്യനായി വിയര്‍ത്തു. ആദ്യ അനുഭവം ആകുമ്പോള്‍ പ്രത്യേകിച്ചും. ഏതായാലും കോഴഞ്ചേരി
പട്ടണത്തില്‍ ഇറങ്ങി നടന്നു തന്നെ St Thomas കോളേജില്‍ എത്തി ജ്യെഷ്ടനെ
കണ്ടുകാര്യം പറഞ്ഞു. കുശാലായി ആദ്യമായി സെന്റ് തോമസ് കോളേജ് കാന്റീനില്‍ മൂരി
ഇറച്ചിയും കൂട്ടി ഊണുകഴിച്ചു തിരിച്ചു പൊന്നു. ഇന്നും പുറകില്‍ നിന്നുള്ള
വല്യപ്പന്റെ കമന്റ് എന്റെ ചെവിയില്‍ മുഴങ്ങുന്നു.
Comments
Post a Comment